ഒക്ടോബര്‍ 11 : വി. ഗമ്മാറസ് (717-774)

ബെല്‍ജിയത്തിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ചവനായിരുന്നു വെങ്കിലും ഗമ്മാറസിന് കാര്യമായ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. പെപ്പിന്‍ രാജാവിന്റെ സഭയില്‍ കുറച്ചുനാള്‍ ജോലി ചെയ്ത അദ്ദേഹം പിന്നീട് എട്ടു വര്‍ഷത്തോളം രാജാവിന്റെ സൈനികനായും ജോലി നോക്കി. ഒരു ഉന്നതകുടുംബത്തില്‍ നിന്നാണ് ഗമ്മാറസ് വിവാഹം കഴിച്ചത്. ഭാര്യയെ അദ്ദേഹം ആത്മാര്‍ഥമായി സ്‌നേഹിച്ചിരുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ ഭാര്യ ഒരു വഴക്കാളിയും മോശം സ്വഭാവക്കാരിയുമായിരുന്നു.



അവര്‍ക്ക് മക്കളുമില്ലായിരുന്നു. എപ്പോഴും ഗമ്മാറസിനെ കുറ്റപ്പെടുത്തുകയും ശാപവാക്കുകള്‍ പറയുകയും ചെയ്തിരുന്ന ആ സ്ത്രീ ആര്‍ഭാടവും സമ്പത്തും മാത്രമാണ് ആഗ്രഹിച്ചിരുന്നത്. ഒരു സൈനികനായിരുന്നതിനാല്‍ ഗമ്മാറസിന് പലപ്പോഴും വീട്ടില്‍ നിന്ന് മാസങ്ങളോളം മാറി നില്‍ക്കേണ്ടി വന്നിരുന്നു. ഈ സമയത്തൊക്കെ അദ്ദേഹത്തിന്റെ ഭാര്യ പണം ധൂര്‍ത്തടിച്ചു ജീവിച്ചു. വേലക്കാരായ ചിലര്‍ക്കു പണം നല്‍കി അവരെ പ്രീതിപ്പെടുത്തിയ ശേഷം അവരുമായി മോശം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടു. മറ്റു ഭൃത്യരെ ക്രൂരമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. യുദ്ധം കഴിഞ്ഞു മടങ്ങിയെത്തിയ ഗമ്മാറസ് ഭാര്യയെ മാനസാന്തരപ്പെടുത്തുവാനും നേര്‍വഴിക്കു കൊണ്ടുവരാനും ശ്രമിച്ചു.

എന്നാല്‍, അദ്ദേഹം പരാജയപ്പെട്ടു. നിശ്ശബ്ദനായി പ്രാര്‍ഥനാപൂര്‍വം അദ്ദേഹം ജീവിച്ചു. ഏറെ താമസിക്കാതെ അവര്‍ ബന്ധം വേര്‍പ്പെടുത്തുകയും ചെയ്തു. ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം ഏകാന്തവാസം നയിക്കുവാനാണ് ഗമ്മാറസ് തീരുമാനിച്ചത്. വര്‍ഷങ്ങളോളം പ്രാര്‍ഥനയും ഉപവാസവുമായി അദ്ദേഹം കഴിഞ്ഞു. വിശുദ്ധനായ റുമാള്‍ഡുമായി ചേര്‍ന്ന് ഒരു ആശ്രമം സ്ഥാപിച്ചു. 774 ല്‍ അദ്ദേഹം മരിച്ചു. അസ്വസ്ഥമായ ദാമ്പത്യ ജീവിതം നയിക്കുന്നവരുടെയും മക്കളില്ലാത്തവരുടെയും മധ്യസ്ഥനായി ഗമ്മാറസ് അറിയപ്പെടുന്നു.

Comments