സെപ്റ്റംബര്‍ 4 : വി. റൊസാലിയ (1130-1160)

സിസിലിയിലെ പ്രഭുകുടുംബത്തില്‍ ജനിച്ച റൊസാലിയയുടെ പിതാവ് റോസിലെ പ്രഭുവായിരുന്നു. പ്രഭുകുടുംബത്തിന്റെ സമ്പത്തും പ്രതാപവും അവള്‍ക്ക് ഒരു തരത്തിലും സന്തോഷം പകര്‍ന്നില്ല. ബാല്യകാലം മുതല്‍ തന്നെ പ്രാര്‍ഥനയിലൂടെ ദൈവത്തിലേക്ക് അടുക്കാനാണ് അവള്‍ ആഗ്രഹിച്ചിരുന്നത്. വിലപിടിച്ച വസ്ത്രങ്ങളും മറ്റ് ആര്‍ഭാടങ്ങളും അവള്‍ ഒഴിവാക്കി. തന്റെ ജീവിതം പൂര്‍ണമായും ദൈവത്തിനു സമര്‍പ്പിക്കുമെന്ന് അവള്‍ പ്രതിജ്ഞ എടുക്കുകയും ചെയ്തു.എപ്പോഴും പ്രാര്‍ഥനയും ഉപവാസവും വഴി ദൈവ സ്‌നേഹത്തില്‍ പങ്കുചേരാനാണ് അവള്‍ ശ്രമിച്ചത്. മുതിര്‍ന്നപ്പോള്‍ അവള്‍ തന്റെ വഴി തിരഞ്ഞെടുത്തു. പെലെഗ്രീനോ എന്നു പേരായ മലയുടെ മുകളില്‍ ഒരു ഗുഹയില്‍ അവള്‍ അജ്ഞാതവാസം തുടങ്ങി. ഒരു തരത്തിലും ലോകവുമായി ബന്ധപ്പെടാതെ ഏകയായി ആ ഗുഹയിലാണ് അവള്‍ തന്റെ ശിഷ്ടജീവിതം നയിച്ചത്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ അവള്‍ ഭക്ഷണം കഴിച്ചുള്ളു. റൊസാലിയയെ ആ ഗുഹയിലേക്ക് നയിച്ചത് രണ്ടു മാലാഖമാരാണെന്നു ഒരു ഐതിഹ്യമുണ്ട്.


യേശുവിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുവാന്‍ പോലും അവള്‍ ആഗ്രഹിച്ചിരുന്നില്ല. ഈ ഗുഹയില്‍ നിന്ന് പിന്നീട് റൊസാലിയ പുറത്തേക്കിറങ്ങിയിട്ടില്ല. അവിടെ തന്നെ അവള്‍ മരിച്ചു. നാലു നൂറ്റാണ്ടിനു ശേഷം, പ്ലേഗ് പടര്‍ന്നു പിടിച്ച സമയത്ത് റൊസാലിയ താമസിച്ചിരുന്ന ഗുഹയ്ക്കു സമീപം നായാട്ടിനെത്തിയ ഒരാള്‍ക്ക് റൊസാലിയയുടെ ദര്‍ശനമുണ്ടായി. ആ ദര്‍ശനം അനുസരിച്ച് അയാള്‍ ഗുഹയിലെത്തി. ആ ഗുഹയില്‍ റൊസാലിയ ഇങ്ങനെ രേഖപ്പെടുത്തി വച്ചിരുന്നു. 

''റോസസിലെ പ്രഭുവായ സിനിബാള്‍ഡിന്റെ മകളായ റൊസാലിയ എന്ന ഞാന്‍ യേശുവിന്റെ ദിവ്യസ്‌നേഹത്തിനുവേണ്ടി എന്റെ ജീവിതകാലം മുഴുവന്‍ ഈ ഗുഹയില്‍ കഴിയുവാന്‍ തീരുമാനിച്ചിരിക്കുന്നു.'' റൊസാലിയയുടെ ഭൗതികാവശിഷ്ടങ്ങള്‍ ഈ ഗുഹയില്‍ നിന്നു കണ്ടെടുത്തു. പ്ലേഗ് പടര്‍ന്നു പിടിച്ചിരുന്ന പലേര്‍മ്മോ എന്ന റൊസാലിയയുടെ ജന്മനാട്ടില്‍ പ്രദക്ഷിണമായി ഇതു കൊണ്ടുവന്നു. മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ പ്ലേഗ് രോഗം പൂര്‍ണമായി ആ ഗ്രാമത്തെ വിട്ടു പോയി. റൊസാലിയയുടെ മരണത്തെക്കുറിച്ചോ അവളുടെ ഗുഹയിലുള്ള ജീവിതത്തെക്കുറിച്ചോ കൂടുതലൊന്നും നമുക്കറിയില്ല. മുപ്പതാം വയസില്‍ രോഗം ബാധിച്ചായിരിക്കാം അവളുടെ മരണമെന്ന് അനുമാനിക്കപ്പെടുന്നു.

Comments