സെപ്റ്റംബര്‍ 28 : വി. വെന്‍സെളോസ് (907 - 938)

ഇപ്പോഴത്തെ ചെക് റിപ്പബ്ലിക്കിലുള്ള ബൊഹീമിയ എന്ന സ്ഥലത്തെ പ്രഭുകുമാരനായിരുന്നു വെന്‍സെളോസ്. അദ്ദേഹത്തിന്റെ പിതാവ് യൂറാടിസെളോസ് ആ പ്രദേശത്തെ നാടുവാഴിയായിരുന്നു. ക്രൈസ്തവ മതത്തില്‍ വിശ്വസിച്ചിരുന്ന പിതാവിന്റെയും അന്യമത ക്കാരിയായ അമ്മയുടെയും കൂടെ വളര്‍ന്ന വെന്‍സെളോസും സഹോദരനായ ബൊലെസ്ലാസും ഏത് വിശ്വാസം തിരഞ്ഞെടുക്കുമെന്നത് ആ രാജ്യത്തിലെ ക്രൈസ്തവര്‍ ഉറ്റുനോക്കിയിരുന്നു. ഡ്രെഹോമിറ എന്നായിരുന്നു അവരുടെ അമ്മയുടെ പേര്. വിഗ്രഹ ദൈവങ്ങളില്‍ വിശ്വസിച്ചിരുന്ന ആ സ്ത്രീ നീചയും മോശം സ്വഭാവക്കാരിയുമായിരുന്നു.



പ്രേഗ് എന്ന സ്ഥലത്തു താമസിച്ചിരുന്ന അമ്മൂമ്മയുടെ സംരക്ഷണയിലാണ് വെന്‍സെളോസ് വളര്‍ന്നത്. ക്രിസ്തുവില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ആ വൃദ്ധ തന്റെ കൊച്ചുമകനെയും യേശുവിനെക്കുറിച്ചു പഠിപ്പിച്ചു. ലുഡ്മില്ല എന്നായിരുന്നു ആ സ്ത്രീയുടെ പേര്. വെന്‍സെളോസ് ബാലനായിരിക്കെ തന്നെ പിതാവ് മരിച്ചു. പിന്നീട് അമ്മ ഡ്രെഹോമിറ യായിരുന്നു രാജ്യം ഭരിച്ചത്. ഇളയമകനായ ബൊലെസ്ലാസിനെയും തന്റെ മതവിശ്വാസത്തിലാണ് അവര്‍ വളര്‍ത്തിക്കൊണ്ടുവന്നത്. അധികാരം ഏറ്റെടുത്തപ്പോള്‍ മുതല്‍ ആ സ്ത്രീ ക്രൈസ്തവരെ പീഡിപ്പിക്കാനും ക്രൈസ്തവ മതം അടിച്ചമര്‍ത്താനുമാണ് ശ്രമിച്ചത്. ക്രൈസ്തവ പീഡനം ശക്തമായപ്പോള്‍ അമ്മൂമ്മ വെന്‍സെളോസിനോട് രാജ്യാധികാരം ഏറ്റെടുക്കാന്‍ അഭ്യര്‍ഥിച്ചു. ജനത്തിന്റെ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു

രാജ്യാധികാരത്തില്‍ വെന്‍സെളോസ് അവകാശം ഉന്നയിച്ചതോടെ അമ്മ ഡ്രെഹോമിറ അസ്വസ്ഥയായി. അധികാരം വിട്ടുകൊടുക്കാന്‍ അവര്‍ തയാറായില്ല. എന്നാല്‍, ജനങ്ങളുടെ പിന്തുണയുമായി വെന്‍സെളോസ് യുദ്ധത്തിനു തയാറായി. രാജ്യത്തിന്റെ നേര്‍പകുതിയുടെ അധികാരം അദ്ദേഹം പിടിച്ചെടുത്തു. മറ്റേ പകുതി ക്രൂരനും ക്രൈസ്തവവിരോധിയുമായി മാറിക്കഴിഞ്ഞിരുന്ന സഹോദരന്‍ ബൊലെസ്ലാസും ഭരിച്ചു. നീതിയും സമാധാനവും ഈശ്വാരാനുഗ്രഹവും വെന്‍സെളോസിന്റെ രാജ്യത്തിനു സ്വന്തമായി. മറുഭാഗത്ത് ജനം അസ്വസ്ഥരായി തുടങ്ങിയിരുന്നു. അക്രമവും കൊലപാതകവും അവിടെ നിത്യസംഭവമായി മാറി. വെന്‍സെളോസിന്റെ രാജ്യം അഭിവൃദ്ധിയിലേക്കു നീങ്ങിയത് അദ്ദേഹത്തിന്റെ ഭരണവൈഭവം കൊണ്ടായിരുന്നില്ല. ദൈവാനുഗ്രഹമായിരുന്നു തുണ. വെന്‍സെളോസ് അധികസമയവും പ്രാര്‍ഥനയ്ക്കാണ് മാറ്റിവച്ചിരുന്നത്. വി.കുര്‍ബാനയില്‍ പങ്കുകൊള്ളുവാനും ഉപവസിക്കുവാനും അദ്ദേഹം എപ്പോഴും സമയം കണ്ടെത്തിയിരുന്നു.

തന്റെ രാജ്യത്തിനു നേരെ മറ്റുരാജാക്കന്‍മാരുടെ ആക്രമണം ഉണ്ടായപ്പോഴും അദ്ദേഹം പകച്ചില്ല. ദൈവം കൂടെയുണ്ടെന്ന ഉറച്ചവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. യുദ്ധങ്ങളില്‍ അദ്ദേഹം പരാജിതനായില്ല. തന്റെ മകനെ 'വഴിതെറ്റിക്കുന്നത്' അമ്മൂമ്മയായ ലൂഡ്മില്ലയാണെന്നു മനസിലാക്കിയ ഡ്രെഹോമിറ അവരെ രഹസ്യമായി കൊല ചെയ്തു. അമ്മൂമ്മയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ വെന്‍സെളോസ് ദുഃഖിതനായി. തന്റെ അമ്മയാണ് മരണത്തിനു ഉത്തരവാദി എന്ന വാര്‍ത്ത അദ്ദേഹത്തെ കൂടുതല്‍ ദുഃഖിതനാക്കി. എങ്കിലും യേശുവിന്റെ വഴി പ്രതികാരത്തിന്റെതല്ല, സ്‌നേഹത്തിന്റെയാണെന്ന് വെന്‍സെളോസിന് അറിയാമായിരുന്നു. അമ്മയോടും സഹോദരനോടും അദ്ദേഹം ക്ഷമിച്ചു. അവരെ യേശുവിന്റെ സ്‌നേഹത്തിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു.

തന്റെ സഹോദരന് ഒരു മകന്‍ പിറന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ എല്ലാ തെറ്റുകളും പൊറുത്ത് അവരെ സന്ദര്‍ശിക്കുവാന്‍ അദ്ദേഹം തയാറായി. കപടസന്തോഷത്തോടെ വെന്‍സെളോസിനെ അമ്മയും സഹോദരനും സ്വീകരിച്ചു. അവരുടെ മനസില്‍ വിഷം നിറഞ്ഞിരുന്നു. വെന്‍സെളോസ് പ്രാര്‍ഥിച്ചുകൊണ്ടിരുന്ന തക്കത്തില്‍ പിന്നിലൂടെ എത്തി ബൊലെസ്ലാസ് അദ്ദേഹത്തെ കുത്തിക്കൊന്നു. മരിക്കുമ്പോള്‍ അദ്ദേഹം അവ സാനമായി പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു. ''യേശുനാഥാ..അങ്ങയുടെ കരങ്ങളിലേക്ക് എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.''938 സെപ്റ്റംബര്‍ 28 നായിരുന്നു വെന്‍സെളോ സിന്റെ രക്തസാക്ഷിത്വം.

Comments