സെപ്റ്റംബര്‍ 25 : വികലാംഗനായ വി. ഹെര്‍മന്‍ (1013-1054)

രോഗങ്ങളുമായി ജനിച്ചു വീണ വി. ഹെര്‍മന്റെ മാതാപിതാക്കള്‍ ദരിദ്രരായ കര്‍ഷകരായിരുന്നു. അംഗവൈകല്യങ്ങളും രോഗങ്ങളുമുള്ള കുഞ്ഞിനെ യഥാവിധം ചികിത്സിക്കാനോ സംരക്ഷിക്കാനോ മാര്‍ഗമില്ലാതെ ആ മാതാപിതാക്കള്‍ വലഞ്ഞു. ഹെര്‍മനു ഏഴു വയസുള്ളപ്പോള്‍ ഒരു സന്യാസമഠം ഹെര്‍മന്റെ സംരക്ഷണം ഏറ്റെടുത്തു. ആശ്രമത്തിന്റെ വിശുദ്ധിയിലും ചൈതന്യത്തിലുമാണ് ഹെര്‍മന്‍ പിന്നീട് വളര്‍ന്നത്. ഇരുപതു വയസുള്ളപ്പോള്‍ ബെനഡിക്ടീന്‍ സന്യാസസഭയില്‍ ചേര്‍ന്ന് പുരോഹിതനായി. തന്റെ രോഗങ്ങളും അംഗവൈകല്യങ്ങളും യേശുവിനോട് കൂടുതല്‍ അടുക്കാനുള്ള മാര്‍ഗമായാണ് ഹെര്‍മന്‍ കണ്ടിരുന്നത്. പ്രാര്‍ഥനയിലും ഉപവാസത്തിലും ജീവിച്ച ഹെര്‍മന്‍ ബാക്കിയുള്ള തന്റെ സമയം മുഴുവന്‍ പുതിയ കാര്യങ്ങള്‍ പഠിക്കുവാനാണ് മാറ്റിവച്ചത്.

സംഗീതം, വാനനിരീക്ഷണം, തത്വശാസ്ത്രം തുടങ്ങി സകലകാര്യങ്ങളിലും ഹെര്‍മന്‍ തന്റെ കഴിവ് പ്രകടിപ്പിച്ചു. ഒന്നാന്തരം പ്രാസംഗികനുമായിരുന്നു അദ്ദേഹം. പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രമുഖ കവികള്‍ക്കൊപ്പം തന്നെ ഹെര്‍മനും സ്ഥാനം പിടിച്ചു. ജ്യോതിശാസ്ത്രജ്ഞനായും ഹെര്‍മന്‍ പ്രശസ്തി നേടി.

നിരവധി ജ്യോതിശാസ്ത്ര പുസ്തകങ്ങള്‍ അദ്ദേഹം എഴുതി. അറബിക്, ഗ്രീക്ക്, ലാറ്റിന്‍ തുടങ്ങിയ ഭാഷകളില്‍ പരിജ്ഞാനമുണ്ടായിരുന്ന ഹെര്‍ന്‍ സംഗീതോപകരണങ്ങള്‍ നിര്‍മിക്കുന്നതിലും പ്രാവീണ്യം തെളിയിച്ചു. 1054ല്‍ ഹെര്‍മന്‍ മരിച്ചു. 1863 ല്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

Comments