സെപ്റ്റംബര്‍ 22: വി. മോറിസ് (മൂന്നാം നൂറ്റാണ്ട്)

റോമന്‍ ചക്രവര്‍ത്തിമാരായി ഡിയോക്ലീഷനും മാക്‌സിമിയനും ഒന്നിച്ചു രാജ്യം ഭരിച്ചിരുന്ന സമയത്ത് രക്തസാക്ഷിത്വം വരിച്ച പതിനായിരക്കണക്കിനു ക്രൈസ്തവരില്‍ ഒരാളായിരുന്നു മോറിസ്. മാക്‌സിമിയന്‍ ചക്രവര്‍ത്തിയുടെ സൈന്യത്തിലെ അംഗമായിരുന്നു മോറിസ്. ഈജിപ്തില്‍ നിന്നു റോമന്‍ സൈന്യത്തില്‍ ചേര്‍ന്ന തിബെന്‍ ലീജിയനിലെ ഒരു അംഗം. ഒരു വിപ്ലവത്തെ നേരിടുന്നതിനു വേണ്ടി ആറായിരത്തോളം വരുന്ന ഈ സൈന്യത്തെ മാക്‌സിമിയന്‍ അയച്ചു. ഈജിപ്തില്‍ വച്ച് ക്രൈസ്തവമതത്തില്‍ വിശ്വസിച്ചിരുന്നവരായിരുന്നു ഇവരെല്ലാവരും. ഇപ്പോഴത്തെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഒരു ഭാഗത്താണ് അന്ന് ഈ സൈന്യം തമ്പടിച്ചിരുന്നത്.റോമന്‍ ദൈവങ്ങളുടെ രൂപങ്ങള്‍ സൃഷ്ടിച്ച് സൈനിക കൂടാരത്തില്‍ ബലിയും പ്രാര്‍ഥനയും റോമന്‍ സൈനികര്‍ നടത്തുമായിരുന്നു. ക്രൈസ്തവരായ മോറിസും കൂട്ടരും ഈ ബലിയില്‍ നിന്നു വിട്ടു നിന്നു. ഇതറിഞ്ഞ സൈന്യാധിപന്‍ ഈ സൈനികവിഭാഗത്തിന്റെ തലവനായിരുന്ന മോറിസിനോട് റോമന്‍ ദൈവങ്ങളെ ആരാധിക്കുവാനും യേശുവിനെ തള്ളിപ്പറയാനും കല്‍പിച്ചു. എന്നാല്‍, സൈനികരില്‍ ഭൂരിഭാഗവും അതിനു തയാറായില്ല. ക്രൈസ്തവരായ സൈനികര്‍ക്ക് മോറിസിന്റെ ഉറച്ച പിന്തുണ ശക്തി പകര്‍ന്നുകൊടുത്തു. റോമാ സാമ്രാജ്യത്തിനു കീഴിലുള്ള പ്രദേശങ്ങളിലെ ക്രൈസ്തവരെ തിരഞ്ഞുപിടിച്ചു കൊലപ്പെ ടുത്തിയിരുന്ന കാലമായിരുന്നു അത്.

സ്വന്തം സൈനിക ഗണത്തില്‍തന്നെ ക്രൈസ്തവരുണ്ടെ ന്നറിഞ്ഞപ്പോള്‍ ചക്രവര്‍ത്തി ക്ഷുഭിതനാകുകയും യേശുവിനെ തള്ളിപ്പറയാന്‍ തയാറാവാത്ത വരെയെല്ലാം കൊല്ലുവാന്‍ കല്‍പിക്കുകയും ചെയ്തു. പക്ഷേ, ആ സൈനികരില്‍ ചെറിയൊരു വിഭാഗം മാത്രമേ ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് യേശുവിനെ തള്ളിപ്പറഞ്ഞുള്ളു. ആദ്യം മോറിസിനെയടക്കം പതിനൊന്ന് പേരെയും തൊട്ടടുത്ത ദിവസം പതിനൊന്ന് പേരെയും വധിച്ചു. ബാക്കിയുള്ളവരെ പിന്നാലെ കൊലപ്പെടുത്തി. യേശുവിനെ തള്ളിപ്പറയാതിരുന്ന ക്രൈസ്തവ സൈനികരെല്ലാം കൊല്ലപ്പെട്ടു. മോറിസിനൊപ്പം കൊലചെയ്യപ്പെട്ട എക്‌സുപ്പേരിയൂസ്, വിത്താലി സ്, ഇന്നൊസെന്റ്, വിക്ടര്‍, കാന്റിഡൂസ് തുടങ്ങിയവരെയും വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുണ്ട്. വിശുദ്ധ മോറിസിന്റെ പേരില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിരവധി ദേവാലയങ്ങളുണ്ട്. അദ്ഭുതപ്രവര്‍ത്ത കനായ വിശുദ്ധനായാണ് മോറിസ് അറിയപ്പെടുന്നത്.

Comments