സെപ്റ്റംബര്‍ 13 : വി. ജോണ്‍ ക്രിസോസ്റ്റം (344-407).

പൗരസ്ത്യ സഭയിലെ നാലു മഹാപിതാക്കന്‍മാരില്‍ ഒരാളായി അറിയപ്പെടുന്ന വിശുദ്ധനാണ് ജോണ്‍ ക്രിസോസ്റ്റം. ആദിമ സഭയുടെ വളര്‍ച്ചയുടെ കാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനായിരുന്നു അദ്ദേഹം. ഭക്തയായ അമ്മയുടെ ഉപദേശങ്ങളും ശിക്ഷണവുമാണ് ജോണ്‍ ക്രിസോസ്റ്റം എന്ന വിശുദ്ധന്റെ ജീവിതത്തെ രൂപപ്പെടുത്തിയെടുത്തത്. സിറിയായിലെ സൈന്യാധിപനായ സെക്കുന്തൂസായിരുന്നു ജോണിന്റെ അച്ഛന്‍. ജോണിന്റെ ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചതിനാല്‍ അമ്മയാണ് അവനെ വളര്‍ത്തിയത്.ഭര്‍ത്താവു മരിക്കുമ്പോള്‍ ജോണിന്റെ അമ്മയായ അന്തൂസയ്ക്കു വെറും 20 വയസുമാത്രമായിരുന്നു പ്രായം. എന്നാല്‍, മറ്റൊരു വിവാഹം കഴിക്കാന്‍ തയാറാവാതെ അവര്‍ മകനുവേണ്ടി മാത്രം ജീവിച്ചു. മികച്ച രീതിയില്‍ വിദ്യാഭ്യാസം നിര്‍വഹിക്കുവാന്‍ ജോണിനു കഴിഞ്ഞു. പുതിയ കാര്യങ്ങള്‍ പഠിക്കുക എന്നത് ഒരു ലഹരി പോലെയായിരുന്നു അവന്. പഠനം, പ്രാര്‍ഥന എന്നീ രണ്ടു കാര്യങ്ങള്‍ക്കായിരുന്നു മുഴുവന്‍ സമയവും അദ്ദേഹം നീക്കിവച്ചിരുന്നത്. വിശുദ്ധ ഗ്രന്ഥം പൂര്‍ണമായി പഠിച്ചു. ജോണിനെ പ്രസിദ്ധനാക്കിയത് അദ്ദേഹത്തിന്റെ വാഗ്‌വിലാസമായിരുന്നു. ജോണ്‍ എന്ന പേരിനൊപ്പം ക്രിസോസ്റ്റം എന്ന വിളിപ്പേര് അദ്ദേഹത്തിനു ലഭിച്ചത് അദ്ദേഹത്തിന്റെ പ്രസംഗപാടവം കണക്കാക്കിയായിരുന്നു. (ക്രിസോസ്റ്റം എന്ന വാക്കിന്റെ അര്‍ഥം സ്വര്‍ണജിഹ്വ എന്നാണ്.) ഇരുപത്തിയാറു വയസു മാത്രം പ്രായമുള്ളപ്പോള്‍ പൗരോഹിത്യത്തെപ്പറ്റി ആറു ഗ്രന്ഥങ്ങള്‍ ജോണ്‍ ക്രിസോസ്റ്റം എഴുതി.

ദരിദ്രരെ സഹായിക്കാന്‍ മടികാണിച്ചിരുന്ന സമ്പന്നരെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ശ്രവിച്ചവര്‍ക്ക് നിരവധിയായ അനുഗ്രഹങ്ങള്‍ ദൈവം നല്‍കി. അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ ദൈവത്തിലേക്ക് ഉയര്‍ന്നുപോകുന്നതായി വിശ്വാസികള്‍ക്കു തോന്നുമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ജോണിന്റെ കര്‍ശനമായ ഭാഷയിലുള്ള വിമര്‍ശനവും അഴിമതിക്കെതിരെയുള്ള പോരാട്ടവും പ്രഭുക്കന്‍മാരുടെയും ചില പുരോഹിതന്‍മാരുടെയും ഉറക്കം കെടുത്തിയിരുന്നു. അവരുടെ ഗൂഢാലോചനയുടെ ഭാഗമായി രണ്ടു തവണ ജോണിനെ നാടുകടത്തി. അവിടെ ദാരിദ്ര്യവും രോഗങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ കൂട്ടുകാര്‍. 'ദൈവത്തിനു സ്തുതിയായിരിക്കട്ടെ' എന്നു സുകൃതജപം പോലെ ആവര്‍ത്തിച്ച് ചൊല്ലിക്കൊണ്ട് അദ്ദേഹം എല്ലാ വേദനകളെയും നേരിട്ടു. വൈകാതെ അദ്ദേഹം മരണത്തിനു കീഴടങ്ങി.

Comments