സെപ്റ്റംബര്‍ 12 : വി. ഗൈ (950-1012)

ബെല്‍ജിയം എന്ന രാജ്യത്ത് ദരിദ്രരില്‍ ദരിദ്രനായി ജനിച്ച ഗൈ എന്ന വിശുദ്ധന്റെ ഓര്‍മ ദിവസമാണിന്ന്. ദാരിദ്ര്യം ദൈവം തനിക്കു നല്‍കിയ വരമായി കണ്ട ഈ മനുഷ്യന്‍ പാവപ്പെട്ടവര്‍ക്കൊപ്പം അവരിലൊരാളായി തന്നെ ജീവിച്ചു മരിച്ചു. ഗൈയുടെ മാതാപിതാക്കള്‍ ഭൂമിയില്‍ ദരിദ്രരായിരുന്നുവെങ്കിലും ദൈവികതയില്‍ സമ്പന്നരായിരുന്നു. അവരുടെ ഭക്തിയും വിശ്വാസവുമാണ് ഗൈയുടെ ജീവിതത്തെ സ്വാധീനിച്ചത്. ബാലനായിരിക്കെ വഴിവക്കില്‍ കാണുന്ന ഭിക്ഷക്കാരെയും പാവപ്പെട്ടവരെയും അവന്‍ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരുമായിരുന്നു.





തനിക്കു വീട്ടില്‍ അമ്മ മാറ്റിവച്ചിരിക്കുന്ന ഭക്ഷണം എടുത്ത് അവര്‍ക്ക് കൊടുക്കുമ്പോഴായിരുന്നു അവന്റെ വയറുനിറഞ്ഞിരുന്നത്. എപ്പോഴും ദേവാലയത്തില്‍ പോയി പ്രാര്‍ഥിക്കുവാന്‍ അവന്‍ ഇഷ്ടപ്പെട്ടു. ബാക്കിസമയം മുഴുവന്‍ കഠിനമായി അധ്വാനിച്ചു. വയലില്‍ പണിയെടുക്കുമ്പോള്‍ മാലാഖമാര്‍ അവന്റെ ജോലി എളുപ്പമാക്കി കൊടുത്തിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അങ്ങനെ, മാലാഖമാരുടെ സഹായത്താല്‍ ദേവാലയത്തില്‍ പോയി പ്രാര്‍ഥിക്കാന്‍ കൂടുതല്‍ സമയം ഗൈയ്ക്കു കിട്ടി. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ ഗൈ വീടുവിട്ടിറങ്ങി.


പരിശുദ്ധകന്യാമറിയത്തിന്റെ തീര്‍ത്ഥാടന കേന്ദ്രമായ ലോര്‍ക്കെനില്‍ പോയി പ്രാര്‍ഥനയില്‍ മുഴുകി ജീവിച്ചു. എല്ലാ ദിവസവും മാതാവിന്റെ സമീപത്തിരുന്ന് പ്രാര്‍ഥിക്കുന്ന ഗൈയെ അവിടെയുള്ള പുരോഹിതന്‍മാര്‍ ശ്രദ്ധിച്ചു. ദേവാലയ ശുശ്രൂഷകള്‍ നടത്തുവാനും ദേവാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കാനുമുള്ള ചുമതല അവര്‍ ഗൈയ്ക്കു നല്‍കി. അങ്ങനെ ചെറിയൊരു വരുമാനവുമായി. എന്നാല്‍ ഈ തുച്ഛമായ വരുമാനവും ഗൈ ദരിദ്രരെ സഹായിക്കാനായി മാറ്റിവച്ചു. ഒരിക്കല്‍ ദേവാലയത്തിലെത്തിയ ഒരു വ്യാപാരി ഗൈയെ ശ്രദ്ധിച്ചു. തന്റെ കൂടെ കൂടിയാല്‍ വ്യാപാരത്തില്‍ ഒരു പങ്ക് കൊടുക്കാമെന്ന് വ്യാപാരി പറഞ്ഞതനുസരിച്ച് ഗൈ അയാള്‍ക്കൊപ്പം പോയി.

എന്നാല്‍ ആദ്യ യാത്രയില്‍ തന്നെ കപ്പല്‍ തകരുകയും കച്ചവടം നഷ്ടമാകുകയും ചെയ്തു. തന്നെ ദൈവം ഒരു വ്യാപാരിയാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു തിരിച്ചറിഞ്ഞ ഗൈ മാതാവിന്റെ ദേവാലയത്തിലേക്ക് മടങ്ങിപ്പോയി. ഗൈ ഒരിക്കലും ഒരു പുരോഹിതനായിരുന്നില്ല. പക്ഷേ, ഒരു പുരോഹിതനെക്കാള്‍ വിശുദ്ധനും ദൈവവുമായി അടുത്തവനുമായിരുന്നു അദ്ദേഹം. റോമിലേക്കും ജറുസലേമിലേക്കുമൊക്കെ തീര്‍ഥയാത്ര നടത്തിയ ഗൈ ക്ഷീണിതനും രോഗിയുമായി മാറി. വൈകാതെ ആശുപത്രിയില്‍ കിടന്ന് അദ്ദേഹം മരിച്ചു. ഗൈയുടെ മരണസമയത്ത് ഒരു പ്രകാശം ആ മുറിയിലാകെ വ്യാപിച്ചതായും ഒരു അശരീരി മുഴങ്ങിയതായും വിശ്വസിക്കപ്പെടുന്നു. ഗൈയുടെ മധ്യസ്ഥതയില്‍ നിരവധി പേര്‍ക്ക് സമൃദ്ധമായ അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Comments