സെപ്റ്റംബര്‍ 11 : വി. ജോണ്‍ ഗബ്രിയേല്‍ പെര്‍ബോയിര്‍

ചൈനയില്‍ മിഷനറി പ്രവര്‍ത്തനം നടത്തി രക്തസാക്ഷിത്വം വരിച്ച വിശുദ്ധനാണ് ജോണ്‍ ഗബ്രിയേല്‍. ചൈനയുമായി ബന്ധപ്പെട്ടുള്ള ആദ്യ വിശുദ്ധന്‍. ദക്ഷിണ ഫ്രാന്‍സില്‍ ജനിച്ച ഈ വിശുദ്ധന്‍ പിയറി പെര്‍ബോയിര്‍, മേരി റിഗല്‍ എന്നീ ദമ്പതികളുടെ എട്ടുമക്കളില്‍ ഒരാളായിരുന്നു. പതിനാറാം വയസില്‍ തന്റെ സഹോദരനായ ലൂയിസിനൊപ്പമാണ് അദ്ദേഹം പുരോഹിതനാകാന്‍ പോകുന്നത്. 



1818ലെ ക്രിസ്മസ് ദിനത്തിലായിരുന്നു അത്. ഏഴു വര്‍ഷങ്ങള്‍ക്കുശേഷം 1825 ല്‍ അദ്ദേഹം പാരീസില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ചു. തിയോളജി അധ്യാപകനായി വൈദികവിദ്യാര്‍ഥികളെ പരിശീലിപ്പിച്ച കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത് തന്റെ സഹോദരനായ ലൂയിസിന്റെ മരണമായിരുന്നു. ചൈനയില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തിവരികവേയാണ് ലൂയിസ് മരിച്ചത്. ഉടന്‍ തന്നെ ചൈനയിലേക്ക് പ്രേഷിതപ്രവര്‍ത്തനത്തിനു പോകാന്‍ ജോണിനു നിര്‍ദേശം ലഭിച്ചു.

അദ്ദേഹം സന്തോഷത്തോടെ തന്റെ പുതിയ ചുമതല ഏറ്റെടുത്തു. ചൈനയില്‍ നിരവധി സ്ഥലങ്ങളില്‍ യേശുനാഥന്റെ അനുഗ്രഹങ്ങളുമായി ജോണ്‍ കടന്നുചെന്നു. വളരെ പെട്ടെന്നുതന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെട്ടു. നാലുവര്‍ഷത്തോളം അദ്ദേഹം വ്യാപകമായി സഞ്ചരിച്ച് സുവിശേഷം പ്രസംഗിച്ചു. എന്നാല്‍ അപ്പോഴേയ്ക്കും ചൈനയില്‍ ക്രൈസ്തവ പീഡനം ആരംഭിച്ചുകഴിഞ്ഞിരുന്നു. അധികം വൈകാതെ ഇംഗ്ലണ്ട് ചൈനയെ ആക്രമിക്കുകയും ചെയ്തു. 

അതോടുകൂടി ക്രൈസ്തവരെ കൂട്ടമായി പിടികൂടി കൊന്നൊടുക്കാന്‍ തുടങ്ങി. ഫാദര്‍ ജോണും തടവിലായി. ക്രൂരമായ മര്‍ദ്ദനങ്ങളുടെ ദിവസങ്ങളായിരുന്നു പിന്നീട്. എല്ലാ വേദനയും യേശുവിന്റെ നാമത്തില്‍ അദ്ദേഹം സഹിച്ചു. കുരിശില്‍ തറച്ചാണ് അദ്ദേഹത്തെ കൊന്നത്. 1996 ജൂണ്‍ രണ്ടാം തീയതി പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ ജോണിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. .

Comments