സെപ്റ്റംബര്‍ 10 : വി നിക്കോളാസ് (1245-1306)

മധ്യവയസ്‌കരായ ദമ്പതികള്‍ക്ക് ഒട്ടേറെ പ്രാര്‍ഥനകള്‍ക്കും ഉപവാസങ്ങള്‍ക്കും ശേഷം ജനിച്ച കുട്ടിയാണ് ടൊലെന്തിനോയിലെ വി. നിക്കോളാസ്. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധനായ നിക്കോളാസ് മെത്രാന്റെ മാധ്യസ്ഥതപ്രാര്‍ഥനയാല്‍ ദൈവം അനുഗ്രഹിച്ചു നല്‍കിയ സന്താനത്തിന് ആ ദമ്പതികള്‍ നിക്കോളാസ് എന്നുതന്നെ പേരിട്ടു. പേരില്‍ മാത്രമല്ല, പ്രവര്‍ത്തിയിലും താനൊരു വിശുദ്ധനാണെന്ന് പുതിയ നിക്കോളാസ് തെളിയിക്കുകയും ചെയ്തു. ബാലനായ നിക്കോളാസ് മറ്റു കുട്ടികളെപ്പോലെയായിരുന്നില്ല. എപ്പോഴും ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചു. പഠനസമയം കഴിഞ്ഞാല്‍ കൂട്ടുകാരോടൊത്ത് കളിക്കാനല്ല, ദേവാലയത്തില്‍ പോയി പ്രാര്‍ഥിക്കുവാനാണ് അവന്‍ ഇഷ്ടപ്പെട്ടത്. 



ഭക്തരായ മാതാപിതാക്കളുടെ സ്വാധീനം അവന്റെ വിശ്വാസജീവിതത്തെ നേര്‍വഴിക്കു നയിച്ചിട്ടുണ്ടാവാം. എന്നാല്‍, അവര്‍ പോലും പ്രതീക്ഷിക്കാത്ത വിധത്തില്‍ ഭക്തിയില്‍ നിറഞ്ഞാണ് അവന്‍ വളര്‍ന്നുവന്നത്. ആഴ്ചയില്‍ മൂന്നു ദിവസം പൂര്‍ണമായി ഉപവസിച്ചിരുന്ന നിക്കോളാസ് പിന്നീട് ആ ഉപവാസവും മതിയാവുന്നില്ലെന്നു കണ്ട് ഒരു ദിവസം കൂടി ഉപവസിക്കാന്‍ തുടങ്ങി. വിശുദ്ധ ഗ്രന്ഥം വായിക്കാനും കുടുംബപ്രാര്‍ഥനയില്‍ പങ്കെടുക്കാനും നിക്കോളാസ് അതീവ താത്പര്യം പ്രകടിപ്പിക്കുമായിരുന്നു. ഒരു വിശുദ്ധനാകാന്‍ എന്തുകൊണ്ടും അവന്‍ യോഗ്യനാണെന്ന് അവന്റെ ബാല്യകാലജീവിതം തന്നെ തെളിയിച്ചു.

പതിനെട്ടാം വയസില്‍ അഗസ്റ്റീനിയന്‍ സന്യാസസഭയില്‍ ചേര്‍ന്ന നിക്കോളാസ് ഒരു പുരോഹിതനെന്ന നിലയിലും പ്രശസ്തനായിരുന്നു. അദ്ദേഹം അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന കാണുവാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നു പോലും ആളെത്തുമായിരുന്നു. കുര്‍ബാനയ്ക്കിടെ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുമായിരുന്നു. അത്രയ്ക്കു ഭക്തിപൂര്‍വമായിരുന്നു നിക്കോളാസിന്റെ പ്രാര്‍ഥനകള്‍. ഒരു വിശുദ്ധന്റെ കുര്‍ബാന എന്ന മട്ടിലാണ് അന്നു തന്നെ വിശ്വാസികള്‍ നിക്കോളാസിന്റെ കുര്‍ബാന കണ്ടിരുന്നത്. എല്ലാ ദിവസവും അദ്ദേഹം മതപ്രസംഗങ്ങള്‍ നടത്തുമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലൂടെ നിരവധി പേര്‍ മാനസാന്തരപ്പെട്ടു. നിരവധി രോഗികള്‍ സുഖപ്പെട്ടു. ഒരിക്കല്‍ രോഗം മൂര്‍ച്ഛിച്ച് മരണം പ്രതീക്ഷിച്ചു കിടന്ന നിക്കോളാസിനു കന്യകാമറിയം, വി. അഗസ്റ്റിന്‍, വിശുദ്ധ മോണിക്ക എന്നിവരുടെ ദര്‍ശനമുണ്ടായി. അവിടെയുണ്ടായിരുന്ന ബ്രഡ് പോലൊരു പലഹാരം വെള്ളത്തില്‍ മുക്കി കഴിക്കുവാന്‍ മാതാവ് ആവശ്യപ്പെട്ടു. നിക്കോളാസ് അപ്രകാരം ചെയ്തു.

ഉടന്‍ തന്നെ രോഗം സുഖപ്പെട്ടു. ഈ സംഭവത്തിനു ശേഷം തന്റെയടുത്ത് എത്തുന്ന രോഗികള്‍ക്ക് അദ്ദേഹം മറിയത്തോടുള്ള പ്രാര്‍ഥനയോടു കൂടി ബ്രഡ് നല്‍കുമായിരുന്നു. ഈ വിശുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി അദ്ഭുത പ്രവര്‍ത്തികളുടെ കഥകള്‍ പ്രചരിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി പ്രചരിക്കുന്ന ഇത്തരം കഥകളില്‍ സത്യം എത്രയുണ്ട് എന്ന് ഇപ്പോള്‍ നമുക്കറിയില്ല. എങ്കിലും അവയിലൊക്കെയും സത്യത്തിന്റെ അംശം ഇല്ലാതെ വരില്ല. വഞ്ചി മുങ്ങി വെള്ളത്തില്‍ വീണു മരിച്ച ഇരുന്നൂറോളം പേരെ നിക്കോളാസ് ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു എന്നതാണ് അവിശ്വസനീയമെന്നു നമുക്കു തോന്നാവുന്ന ഒരു കഥ. ദൈവത്തിന് അസാധ്യമായി യാതൊന്നുമില്ല എന്നു വിശ്വസിക്കുന്നവര്‍ക്ക് ഇതില്‍ അവശ്വസനീയത തോന്നേണ്ട കാര്യമില്ല.

Comments