ഒക്ടോബര്‍ 1: വി. ബാവോ (589-654)

ബെല്‍ജിയത്തിലെ പ്രഭുകുടുംബങ്ങളിലൊന്നിലായിരുന്നു ബാവോയുടെ ജനനം. സമ്പന്നമായ കുടുംബം. ധാരാളം ഭൃത്യന്‍മാര്‍. ആര്‍ഭാടവും ധൂര്‍ത്തും ശീലമാക്കി ബാവോ വളര്‍ന്നുവന്നു. ജീവിതം എന്നത് ആസ്വദിക്കാനുള്ളതാണ് എന്ന ചിന്തയായിരുന്നു ബാവോയ്ക്ക്. ദൈവം നല്‍കിയ പണം നന്മയ്ക്കുവേണ്ടി വിനയോഗിക്കുവാന്‍ അവനു കഴിഞ്ഞില്ല. ബാവോയുടെ മാതാപിതാക്കളും ദൈവത്തെ അറിഞ്ഞവരായിരുന്നില്ല. സ്വാര്‍ഥതയുടെ പര്യായമായിരുന്നു ബാവോ. പണം ആവശ്യത്തിലേറെ ഉണ്ടായിരുന്നിട്ടും നീചവഴികളിലൂടെ അവന്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.



സ്വന്തം വീട്ടിലെ ഭ്യത്യന്‍മാരെ അടിമകളാക്കി അവരെ മറ്റു പ്രഭുകുടുംബങ്ങള്‍ക്കു വില്‍ക്കുക പോലും ചെയ്തു. ആ പണവും അവന്‍ തന്റെ ജീവിതസുഖത്തിനായി മാറ്റിവച്ചു. സമ്പന്നമായ ഒരു കുടുംബത്തില്‍ നിന്നു തന്നെ ബാവോ വിവാഹം കഴിച്ചു. എന്നാല്‍, അധികം നാളുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ഭാര്യ രോഗബാധിതയായി മരിച്ചു. ഭാര്യയുടെ മരണം ബാവോയുടെ മനസിനെ വേദനിപ്പിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം അമാന്‍ഡ് എന്ന വിശുദ്ധന്റെ മതപ്രസംഗം യാദൃശ്ചികമായി കേള്‍ക്കാനിടയായി.

ആ പ്രസംഗം ബാവോയുടെ ജീവിതത്തെ മാറ്റിമറിച്ചു. താന്‍ ചെയ്തുകൂട്ടിയ തെറ്റുകളെക്കുറിച്ചോര്‍ത്ത് അവന്‍ ദുഃഖിതനായി. ഒരോ പാപങ്ങളും ഓര്‍ത്തെടുത്ത് പശ്ചാത്തപിച്ചു. ജ്ഞാനസ്‌നാനം സ്വീകരിച്ച് ക്രിസ്തുമത വിശ്വാസിയാകുകയാണ് ബാവോ ഉടന്‍ ചെയ്തത്. വി. പത്രോസ് ശ്ലീഹായുടെ നാമത്തില്‍ ഒരു സന്യാസിമഠം സ്ഥാപിച്ച് അത് വി. അമാന്‍ഡിന് കൊടുത്തു. ബാവോയും അവിടെ തന്നെ താമസിച്ചു. തന്റെ സമ്പത്ത് മുഴുവന്‍ ദരിദ്രര്‍ക്കുവേണ്ടി അദ്ദേഹം ദാനം ചെയ്തു. തന്റെ കൊട്ടാരവും തന്റെ പേരിലുണ്ടായിരുന്ന സ്ഥലങ്ങളും ബാവോ സന്യാസിമഠത്തിന് നല്‍കി. തന്റെ പാപങ്ങള്‍ക്ക് പൂര്‍ണമായി ക്ഷമിക്കപ്പെടണമെങ്കില്‍ കൂടുതല്‍ പ്രാര്‍ഥനകളും ഉപവാസവും ആവശ്യമാണെന്ന് അദ്ദേഹത്തിന് തോന്നി.

ലൗകിക ജീവിതം ഉപേക്ഷിച്ച് ഏകാന്തവാസം നയിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. വനത്തിനുള്ളില്‍ ഒരു വലിയ മരത്തിന്റെ പൊത്തിലും സമീപമുള്ള ഒരു ഗുഹയിലുമായി അദ്ദേഹം വര്‍ഷങ്ങളോളും കഴിഞ്ഞു. കായ്കനികള്‍ മാത്രം ഭക്ഷിച്ചു. അതും ജീവന്‍ നിലനിര്‍ത്തുന്നതിനു വേണ്ടി മാത്രം. 65-ാം വയസില്‍ രോഗബാധിതനായി ബാവോ മരിച്ചു. ഇപ്പോള്‍ വി. ബാവോയുടെ സന്യാസിമഠം എന്നാണ് ബാവോ സ്ഥാപിച്ച ആശ്രമം അറിയപ്പെടുന്നത്.

Comments