ആഗസ്റ്റ്‌ 24 : വി. ബര്‍ത്തലോമിയോ ശ്ലീഹ (ആദ്യ നൂറ്റാണ്ട്)

യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്‍മാരില്‍ ഒരാളായിരുന്ന ബര്‍ത്തലോമി യോ ഭാരതത്തിലെ രണ്ടാമത്തെ അപ്പസ്‌തോലനായിരുന്നു. മത്തായി, മര്‍ക്കോസ്, ലൂക്കാ എന്നീ സുവിശേഷകര്‍ മാത്രമേ ബര്‍ത്തലോമി യോ എന്ന പേരില്‍ ഈ ശിഷ്യനെപ്പറ്റി എഴുതിയിട്ടുള്ളു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ 'നഥാനിയേല്‍' എന്നു വിളിക്കപ്പെടുന്ന വ്യക്തി ബര്‍ത്തലോമിയോ തന്നെയാണെന്ന് ബൈബിള്‍ പണ്ഡിതന്‍മാരില്‍ ഏറെപ്പേരും വിശ്വസിക്കുന്നു. ഇന്ത്യയുടെ ശ്ലീഹ എന്ന പേരിലാണ് ബര്‍ത്തലോമിയോ അറിയപ്പെടുന്നത്. വി. തോമാശ്ലീഹായെ കൂടാതെ ഇന്ത്യയില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തിയിട്ടുള്ള മറ്റൊരു ക്രിസ്തുശിഷ്യനാണ് അദ്ദേഹം. തോമാശ്ലീഹാ എ.ഡി. 52 ല്‍ ഇന്ത്യയിലെത്തിയെങ്കില്‍ ബര്‍ത്തലോമിയോ എ.ഡി. 55ലാണ് ഇന്ത്യയിലെത്തിയത്. 


ഗലീലയിലെ കാനായില്‍ നിന്നുള്ള നഥാനിയേല്‍ എന്നു സുവിശേഷകനായ യോഹന്നാന്‍ എഴുതുന്നത് ബര്‍ത്തലോമിയോയെ കുറിച്ചാണെന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ല. യോഹന്നാന്‍ ബര്‍ത്തലോമിയോ എന്ന പേര് സുവിശേഷത്തില്‍ ഉപയോഗിച്ചിട്ടില്ലാത്തതു പോലെ മറ്റു സുവിശേഷകര്‍ നഥാനിയേലിനെ കുറിച്ചും എഴുതിയിട്ടില്ല. ഇന്ത്യയില്‍ വി. മത്തായി എഴുതിയ സുവിശേഷത്തിന്റെ ഒരു കൈയെഴുത്തുപ്രതി ബര്‍ത്തലോമിയോ കൊണ്ടുവന്നു എന്നൊരു വിശ്വാസമുണ്ട്. യേശുവിന്റെ മറ്റൊരു ശിഷ്യനായ ഫീലിപ്പോസാണ് നഥാനിയേലിനെ യേശുവിന്റെ സമീപത്തേക്ക് കൂട്ടിക്കൊണ്ടു വരുന്നതെന്ന് യോഹന്നാന്‍ എഴുതുന്നു. നഥാനിയേല്‍ തന്റെ അടുക്കലേക്ക് വരുന്നതു കാണുമ്പോള്‍ 'ഇതാ കാപട്യമില്ലാത്ത യഥാര്‍ഥ ഇസ്രയേല്‍ക്കാരന്‍' എന്ന് യേശു പറയുന്നു. യേശു ദൈവപുത്രനും ഇസ്രയേലിന്റെ രാജാവുമാണെന്ന് നഥാനിയേല്‍ ഏറ്റുപറയുകയും ചെയ്യുന്നു.


ശാന്തനും ധ്യാനശീലനുമായ ബര്‍ത്തലോമിയോ ഒരു സത്യാന്വേഷകനായിരുന്നു. പുനരുത്ഥാനത്തിനു ശേഷം യേശു ശിഷ്യന്‍മാര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ അവിടെ നഥാനിയേലുമുണ്ടായിരുന്നു. ബര്‍ത്തലോമിയോയുടെ സുവിശേഷം എന്ന പേരില്‍ ഒരു അപ്രാമാണിക ഗ്രന്ഥമുണ്ട്. യേശുവിനോടും മറിയത്തോടും ബര്‍ത്തലോമിയോ സംസാരിക്കുന്ന രീതിയിലാണ് ഈ സുവിശേഷം എഴുതപ്പെട്ടിരിക്കുന്നത്. നോസ്റ്റിക് സുവിശേഷങ്ങളില്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്ന ഈ സുവിശേഷത്തെ സഭ അംഗീകരിക്കുന്നില്ലെങ്കിലും അതില്‍ സത്യത്തിന്റെ അംശങ്ങള്‍ ഏറെയുണ്ടെന്നതില്‍ സംശയമില്ല. യേശുവിന്റെ സ്വര്‍ഗാരോഹണത്തിനു ശേഷം ബര്‍ത്തലോമിയോ തുര്‍ക്കിയിലും അര്‍മേനിയായിലും പ്രേഷിതപ്രവര്‍ത്തനം നടത്തി. അതിനുശേഷമാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഇന്ത്യയില്‍ ശ്ലീഹാ പ്രേഷിതപ്രവര്‍ത്തനം നടത്തിയെന്നു വിവരിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്.


ഇന്ത്യയില്‍ വച്ചുതന്നെയാണ് ബര്‍ത്തലോമിയോ രക്തസാക്ഷിത്വം വരിച്ചതെന്നും അതല്ല, അര്‍മീനിയായില്‍ വച്ചാണെന്നും രണ്ടുപക്ഷമുണ്ട്. 'ബര്‍ത്തലോമിയോയുടെ രക്തസാക്ഷിത്വം' എന്ന പേരിലുള്ള മറ്റൊരു അപ്രാമാണിക ഗ്രന്ഥത്തില്‍ അദ്ദേഹം ഇന്ത്യയില്‍ വച്ച് രക്തസാക്ഷിയായി എന്നു പറയുന്നു. എ.ഡി. അറുപതില്‍ ഇന്ത്യാ ഫെലിക്‌സ് എന്നറിയപ്പെട്ടിരുന്ന കല്യാണിലേക്ക് അദ്ദേഹം പോയെന്നും എ.ഡി. 62 ഓഗസ്റ്റ് 24 ന് അവിടെവച്ച് അദ്ദേഹം കൊല്ലപ്പെട്ടുവെന്നും കരുതപ്പെടുന്നു. അപ്പോള്‍ അദ്ദേഹത്തിനു 50 വയസുമാത്രമായിരുന്നു പ്രായം. ഈ ഗ്രന്ഥങ്ങളില്‍ പോളിമൂസ് എന്നു അസ്ത്രിയാജിസ് എന്നും രണ്ടു രാജാക്കന്‍മാരെപ്പറ്റി പറയുന്നുണ്ട്. എ.ഡി. 55 നോട് അടുത്ത് കല്യാണ്‍ ഭരിച്ചിരുന്ന പുലിമയി എന്ന രാജാവിനെ ലാറ്റിന്‍ഭാഷയില്‍ വിളിച്ച പേരാവാം പോളിമൂസ്. പുലിമയിയുടെ ശേഷം വന്ന അരിസ്തകര്‍മന്‍ രാജാവാവാം, അസ്ത്രിയാജിസ്. ഈ രാജാവിന്റെ കല്‍പന പ്രകാരം ബര്‍ത്തലോമിയയെ തലയറുത്ത് കൊല്ലുകയായിരുന്നു. ജീവനോടെ തൊലി ഉരിഞ്ഞശേഷം തലകീഴായ് കെട്ടിത്തൂക്കി കൊല്ലുകയായിരുന്നുവെന്നും വാദമുണ്ട്.


Comments