പരിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷത്തിന്റെ ഉത്ഭവത്തിന് കാരണം അത്ഭുത ദർശനം

അനുദിനം അർപ്പിക്കപ്പെടുന്ന പരിശുദ്ധ കുർബാനയിൽ ഈശോയുടെ സാന്നിധ്യം ശരീരത്തോടും ആത്മാവോടും, മാംസത്തോടും രക്തത്തോടും, ദൈവസ്വഭാവത്തോടും മനുഷ്യസ്വഭാവത്തോടുംകൂടെ സജീവമായി നിലകൊള്ളുന്നുവെന്ന വിശ്വാസരഹസ്യം പ്രഘോഷിക്കുന്ന തിരുനാളാണ് കോർപ്പസ് ക്രിസ്റ്റി. ക്രിസ്തുവിന്റെ ശരീരരക്തങ്ങൾ എന്നാണ് ‘കോർപ്പസ് ക്രിസ്റ്റി’ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം.

ആരാധനക്രമ കലണ്ടർ പ്രകാരം, പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ കഴിഞ്ഞു വരുന്ന വ്യാഴാഴ്ചയാണ് ഈ തിരുനാൾ എങ്കിലും പ്രസ്തുത വ്യാഴാഴ്ചയ്ക്കുശേഷമുള്ള ഞായറിലാണ് ആഘോഷതിരുക്കർമങ്ങൾ ക്രമീകരിക്കുന്നത്. മധ്യകാലഘട്ടത്തിൽ ബെൽജിയത്തിലെ ലെയ്ഗിൽ ജീവിച്ചിരുന്ന (1193 – 1258) സെന്റ് ജൂലിയാന എന്ന കന്യാസ്ത്രീക്ക് ക്രിസ്തു നൽകിയ ഒരു ദർശനമാണ് കോർപ്പസ് ക്രിസ്റ്റി തിരുനാൾ ആഘോഷത്തിന്റെ ഉത്ഭവത്തിന് കാരണമായത്.



ദർശന വരങ്ങളാൽ അനുഗ്രഹീതയായിരുന്നു സിസ്റ്റർ ജൂലിയാന. ഒരു ദിനം പ്രാർത്ഥിച്ചുകൊണ്ടിരിക്കേ, വിശുദ്ധ കുർബാനയ്ക്കായി ഒരു ആരാധനാ വിരുന്നിന്റെ തിരുനാൾ ആരംഭിക്കാൻ സിസ്റ്റർ ജൂലിയാനയ്ക്ക് കർത്താവ് ദർശനം നൽകി. 1208ലായിരുന്നു ആദ്യ ദർശനം. പിന്നീട് ഏതാണ്ട് 20 വർഷത്തോളം ഈ ദർശനം ആവർത്തിക്കപ്പെട്ടു. ഇക്കാര്യം ലെയ്ഗ് രൂപതാധ്യക്ഷനായിരുന്ന ബിഷപ്പ് റോബർട്ടിനെയും ഡൊമിനിക്കൻ സന്യാസിയായ ഹ്യൂഗ് ഓഫ് സെന്റ് ഷീറിനെയും അവർ അറിയിച്ചു. അത് ഒരു ദൈവഹിതമാണെന്ന് വിവേചിച്ചറിഞ്ഞ ബിഷപ്പ് 1246ൽ ആദ്യമായ കോർപ്പസ് ക്രിസ്റ്റി തിരുനാൾ രൂപതയിൽ ആഘോഷിക്കാൻ ഉത്തരവിട്ടു.

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിന് ശേഷമുള്ള വ്യാഴാഴ്ചയാണ് തിരുനാളിനായി അദ്ദേഹം തിരഞ്ഞെടുത്തത്. പിന്നീടുള്ള വർഷങ്ങളിലും പ്രാദേശികമായി കോർപ്പസ് ക്രിസ്റ്റി തിരുനാൾ ആഘോഷിക്കപ്പെട്ടെങ്കിലും അത് ആഗോളസഭയുടെ ഭാഗമായത് പതിറ്റാണ്ടുകൾക്കുശേഷമാണ്. പിൽക്കാലത്ത്, ഊർബൻ നാലാമൻ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ലെയ്ഗിലെ ആർച്ച്ഡീക്കനായിരുന്ന ജാക്വസ് പാന്റലിയോണിനെയാണ് ദൈവം ആ നിയോഗം ഏൽപ്പിച്ചത്. അതിന് കാരണമായ സംഭവങ്ങൾ ഇപ്രകാരം സംഗ്രഹിക്കാം:

1263ൽ റോമിലേക്ക് തീർത്ഥാടനം നടത്തിയ ജർമൻ പുരോഹിതൻ ഫാ. പീറ്റർ ഓഫ് പ്രാഗ്, മാർഗമധ്യേ വിശുദ്ധ കുർബാന അർപ്പിക്കാൻ ഇറ്റലിയിലെ ബോൾസെനയിൽ സ്ഥിതിചെയ്യുന്ന സെന്റ് ക്രിസ്റ്റീന ദൈവാലയത്തിലെത്തി. അനുദിനം അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയിലും തിരുക്കർമങ്ങളിലും ഈശോ യഥാർഥത്തിൽ സന്നിഹിതനാണോ എന്ന് അക്കാലത്ത് അദ്ദേഹം നിരന്തരം സംശയിച്ചിരുന്നു.

കൂദാശചെയ്യപ്പെട്ട തിരുവോസ്തിയിലും വീഞ്ഞിലും ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ സാന്നിധ്യം എത്രത്തോളമുണ്ട് എന്ന സംശയം, സഭാചരിത്രത്തിൽ ആദ്യമായി ചില ദൈവശാസ്ത്രജ്ഞർ അവതരിപ്പിച്ചുതുടങ്ങിയ നാളുകളായിരുന്നു അത്. അവരുടെ സംശയം അദ്ദേഹത്തേയും സ്വാധീനിച്ചു തുടങ്ങിയിരുന്നു. പ്രസ്തുത സംശയത്തോടെയാണ് സെന്റ് ക്രിസ്റ്റീന ദൈവാലയത്തിലും അദ്ദേഹം ദിവ്യബലി അർപ്പിച്ചത്.

എന്നാൽ സംശയത്തിന് മറുപടിയെന്നോണം, അദ്ദേഹം അർപ്പിച്ച വിശുദ്ധ കുർബാനമധ്യേ സ്‌തോത്രയാഗ പ്രാർത്ഥന ചൊല്ലിയപ്പോൾ, പവിത്രമായ തിരുവോസ്തിയിൽനിന്ന് ബലിപീഠത്തിലേക്കും ‘കോർപ്പറലി’ (അൾത്താരയിൽ ഉപയോഗിക്കുന്ന തുവാല) ലേക്കും തിരുരക്തം ഒഴുകാൻ തുടങ്ങി. ദൈവീക വെളിപ്പെടുത്തലിനാൽ നിറഞ്ഞ ഈ അത്ഭുതം ഫാ. പീറ്റർ അന്നത്തെ പാപ്പയായിരുന്ന ഉർബൻ നാലാമനെ അറിയിച്ചു. ഇക്കാര്യം അന്വേഷിക്കാനും അത്ഭുതം സംഭവിച്ച തിരുവോസ്തി, രക്തക്കറ പുരണ്ട കോർപ്പറൽ എന്നിവ കൊണ്ടുവരാനും പ്രതിനിധികളെ അയക്കുകയും ചെയ്തു പാപ്പ.

വിശദമായ സഭാപഠനങ്ങൾക്കുശേഷം ഈ ദിവ്യകാരുണ്യ അത്ഭുതം വിശ്വാസസത്യമായി വത്തിക്കാൻ അംഗീകരിക്കുകയും വിശുദ്ധ കുർബാനയുടെ തിരുനാളിന് 1264ൽ ആരംഭം കുറിക്കുകയും ചെയ്തു. അന്ന് സാക്ഷ്യമായി തീർന്ന തിരുവോസ്തിയും രക്തം പുരണ്ട കോർപ്പറലും പൊതുവണക്കത്തിനായി ഇറ്റലിയിലെ ഓർവിറ്റോ കത്തീഡ്രലിൽ പ്രതിഷ്ഠിച്ചത് ഇന്നും അതുപോലെതന്നെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

Comments