ദൈവാലയങ്ങൾ തുറന്ന് പ്രവര്‍ത്തിക്കുവാനുള്ള മാര്‍ഗരേഖ പുറത്തിറക്കി, ദിവ്യകാരുണ്യ സ്വീകരണം ആശങ്കയിൽ

ജൂൺ എട്ടുമുതൽ ദൈവാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയെങ്കിലും ദിവ്യകാരുണ്യ സ്വീകരണം ആശങ്കയിൽ. പ്രസാദം, തീർത്ഥം എന്നിവ ആരാധനാലയത്തിനുള്ളിൽ നൽകരുതെന്ന നിർദേശം ദിവ്യകാരുണ്യ സ്വീകരണത്തിന് വെല്ലുവിളിയായേക്കും. കണ്ടെയ്ൻമെന്റ് സോണുകളിലല്ലാത്ത ദൈവാലയങ്ങൾ തുറക്കുന്നതിൽ തീരുമാനം കൈക്കൊള്ളാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെങ്കിലും കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്‌. അതിനാൽ, ഇക്കാര്യത്തിൽ സഭാനേതൃത്വം ഇടപെട്ട് ഉടൻ വ്യക്തത വരുത്തുമെന്നാണ് സൂചന.



കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങൾ ചുവടെ:

1, പ്രവേശന കവാടത്തിൽ താപനില പരിശോധിക്കാൻ സംവിധാനം ഉണ്ടാകണം.

2. മാസ്‌കുകൾ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്.

3. കോവിഡ് രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തിൽ പ്രവേശിക്കാൻ അനുവദിക്കൂ.

4. ഒരുമിച്ച് ആൾക്കാരെ പ്രവേശിപ്പിക്കരുത്.

5. രൂപത്തിലോ, വിശുദ്ധ ഗ്രന്ഥങ്ങളിലോ സ്പർശിക്കരുത്.

6. പ്രസാദം, തീർത്ഥം എന്നിവ ആരാധനാലയത്തിനുള്ളിൽ നൽകരുത്.

7. ആരാധനാലയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.

8. ക്യൂവിൽ സാമൂഹിക അകലം ഉറപ്പാക്കണം. ആറടി അകലം ഉണ്ടാകണം.

9. സമൂഹ പ്രാർത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവർക്കുമായി ഒരു പായ അനുവദിക്കില്ല.

10. പാദരക്ഷകൾ കഴിവതും വാഹനങ്ങളിൽ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കിൽ പ്രത്യേകമായാണ് വയ്‌ക്കേണ്ടത്. ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് ഒരുമിച്ച് പാദരക്ഷകൾ വയ്ക്കാം.

11. ആരാധനാലയത്തിന് പുറത്തുള്ള കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം.

12. ആരാധനാലയത്തിന് പുറത്തേക്ക് പോകാൻ പ്രത്യേക വഴി ഉണ്ടാകണം.

13. വലിയ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകൾ അനുവദിക്കരുത്.

14. പരാമാവധി റെക്കോർഡ് ചെയ്ത ആത്മീയ ഗാനങ്ങളും വാദ്യമേളങ്ങളുമാണ് ഉപയോഗിക്കേണ്ടത്.

15. ആർക്കെങ്കിലും ആരാധനാലയത്തിൽ വച്ച് അസുഖ ബാധിതരായാൽ, അവരെ പെട്ടെന്ന് ഒരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ചാൽ ഉടൻ ആരാധനാലയം അണുവിമുക്തമാക്കണം.

16. ആരാധനാലയം കൃത്യമായ ഇടവേളകളിൽ കഴുകുകയും, അണുവിമുക്തമാക്കുകയും വേണം.

17. അറുപത്തിയഞ്ച് വയസ് കഴിഞ്ഞവരും 10 വയസിന് താഴെയുള്ളവരും ഗർഭിണികളും മറ്റ് അസുഖങ്ങളുള്ളവരും വീടുകളിൽ തന്നെ കഴിയണം. ആരോഗ്യ സംബന്ധമായ അടിയന്തര ആവശ്യങ്ങൾ ഇല്ലെങ്കിൽ അവർ വീടുകളിൽനിന്ന് പുറത്തേക്ക് വരരുത്.

Comments