അണിചേരാം ഉച്ചയ്ക്ക് 12.00ന്, ഭാരത ക്രൈസ്തവർക്ക് ഇന്ന് പ്രാർത്ഥനാ ദിനം

കൊറോണയുടെ ആശങ്കയിലൂടെ ഭാരതവും കടന്നുപോകുന്ന പശ്ചാത്തലത്തിൽ, പെന്തക്കുസ്താ തിരുനാൾ ദിനമായ ഇന്ന് (മേയ് 31) ഭാരതത്തിലെ ക്രൈസ്തവസമൂഹം പ്രാർത്ഥനാ ദിനമായി ആചരിക്കുന്നു. മേയ് 31 ഉച്ചയ്ക്ക് 12.00ന് രാജ്യത്തെ മുഴുവൻ ദൈവാലയമണികളും മുഴങ്ങും. അതേത്തുടർന്ന് ദൈവാലയങ്ങളിൽ വിശേഷാൽ പ്രാർത്ഥനകളും നടക്കും.ഇടവക ദൈവാലയങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന തത്‌സമയ സംപ്രേഷണത്തിലൂടെയോ, അല്ലെങ്കിൽ ആ സമയം വീടുകളിൽ പ്രാർത്ഥനാരൂപിയിലായിരുന്നോ ഈ യജ്ഞത്തിൽ പങ്കുചേരാനാണ് ആഹ്വാനം. ‘വൺ സൗണ്ട്, വൺ ഹോപ്പ്’ എന്ന പേരിൽ ‘ക്രിസ്റ്റ്യൻ മീഡിയാ ഫോറം’ ആഹ്വാനം ചെയ്തിരിക്കുന്ന പ്രാർത്ഥനായജ്ഞത്തിൽ റീത്ത് സഭാ ഭേദമെന്യേ ക്രൈസ്തവ വിശ്വാസികൾ ഒന്നടങ്കം പങ്കെടുക്കും.

സകലജനത്തിനുവേണ്ടിയും വിശിഷ്യാ കൊറോണാ പ്രതിരോധ രംഗത്ത് വ്യാപരിക്കുന്നവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാനുള്ള സമയാണിതെന്നും ഇൻഡോർ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ക്രിസ്റ്റ്യൻ മീഡിയാ ഫോറം’ വാർത്താ കുറിപ്പിൽ അറിയിച്ചു. ക്രൈസ്തവ സഭയുടെ ആരംഭദിനമായ, പെന്തക്കുസ്താ തിരുനാൾ ദിനത്തിൽ ക്രമീകരിച്ചിരിക്കുന്ന പ്രാർത്ഥയിൽ വിശ്വാസീസമൂഹം ഒന്നടങ്കം അണിചേരണമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷനും ബോംബൈ ആർച്ച്ബിഷപ്പുമായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്.

Comments