കൊറോണ ദുരന്താനന്തര ദുരിതങ്ങളും പരിഹാരവഴികളും മൂൻകൂട്ടി കാണുക!

ദാരിദ്ര്യം, തൊഴിൽരാഹിത്യം പട്ടിണി തുടങ്ങിയവയാണ് കൊറോണ വൈറസ് ദുരന്തത്തിൻറെ അനന്തര ഫലങ്ങൾ. ഇന്ന് സഹായഹസ്തം നീട്ടുന്നവർക്കും നാളെ സഹായം നല്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കണം, ഫ്രാൻസീസ് പാപ്പാ. കൊറോണവൈറസ്- കോവിദ് 19 ദുരന്താനന്തര ദുരിതങ്ങൾ മുൻകൂട്ടികണ്ടുകൊണ്ട് പരിഹാരമാർഗ്ഗങ്ങൾ ആരായുന്നതിനുള്ള ശ്രമങ്ങൾ ദീർഘവീക്ഷണത്തോടുകൂടി ഇപ്പോൾത്തന്നെ ആരംഭിക്കേണ്ടതിൻറെ അനിവാര്യത മാർപ്പാപ്പാ ചൂണ്ടിക്കാട്ടുന്നു.



ദാരിദ്ര്യം, തൊഴിൽരാഹിത്യം പട്ടിണി തുടങ്ങിയവയാണ് വരാൻ പോകുന്ന ദുരിതങ്ങളെന്ന് പറഞ്ഞ  പാപ്പാ ഇന്ന് സഹായഹസ്തം നീട്ടുന്നവർക്കും നാളെ സഹായം നല്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കാൻ മാദ്ധ്യമങ്ങളിലൂടെ ദിവ്യപൂജയിൽ പങ്കുചേരുന്ന എല്ലാവരെയും ക്ഷണിച്ചു.

കൊറോണവൈറസ് ദുരന്തം ലോകത്തിൽ സംജാതമാക്കിയിരിക്കുന്ന പ്രത്യേക സാഹചര്യം മൂലവും, വ്യക്തികൾ തമ്മിൽ ശാരീരികമായ അകലം പാലിക്കേണ്ടത് ഈ അണു സംക്രമണം തടയുന്നതിന് അനിവാര്യമാകയാലും, പാപ്പാ അർപ്പിക്കുന്ന ദിവ്യബലിയിലും പാപ്പായുടെ ഇതര പരിപാടികളിലും ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കുകയും  സമ്പർക്കമാദ്ധ്യമങ്ങളിലൂടെയുള്ള ഭാഗഭഗിത്വം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തിരിക്കയാണ്.

വ്യകുലനാഥയ്ക്ക് സമർപ്പിതമായ ദിവ്യബലി ആയിരുന്നതിനാൽ പാപ്പാ പരിശുദ്ധ അമ്മയുടെ “സപ്ത സങ്കടങ്ങൾ” സുവിശേഷ ചിന്തകൾ പങ്കു വയ്ക്കവെ അനുസ്മരിച്ചു. മറിയത്തിൻറെ ഹൃദയത്തിലൂടെ ഒരു വാൾ കടന്നുപോകും എന്ന് ശിമയോൻ യേശുവിൻറെ പിറവിയ്ക്കു ശേഷം 40 ദിനങ്ങൾ പിന്നിട്ട അവസരത്തിൽ പ്രവചിക്കുന്നതാണ് ഈ “ഏഴു നൊമ്പരങ്ങളിൽ” ആദ്യത്തേത്.

പുത്രൻറെ ജീവൻ രക്ഷിക്കുന്നതിന് ഈജിപ്തിലേക്കുള്ള പലായനം, ബാലനായ യേശുവിനെ മൂന്നു ദിവസം കാണാതാകൽ, കുരിശും ചുമന്ന് കാൽവരിയിലേക്കു പോകുന്ന യേശുവിനെ കണ്ടുമുട്ടൽ, കുരിശിൽ യേശുവിൻറെ മരണം,  കുരിശിൽ നിന്നറക്കി യേശുവിൻറെ ശരീരം മടിയിൽ കിടത്തിയിരിക്കുന്നത്, യേശുവിനെ കല്ലറയിൽ സംസ്ക്കരിക്കുന്നത് എന്നിവയാണ് ഇതര വേദനകൾ.

ക്രൈസ്തവരുടെ ഭക്തിമാർഗ്ഗം യേശുവിനെ അനുഗമിക്കുന്ന മറിയത്തിൻറെ ഈ പാതയിലൂടെ സഞ്ചരിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.തനിക്കുവേണ്ടി ഒന്നും മറിയം ആവശ്യപ്പെടുന്നില്ലയെന്നും, കാനായിലെ കല്ല്യാണവേളയിലെന്ന പോലെ തന്നെ എല്ലായ്പോഴും മറ്റുള്ളവർക്കുവേണ്ടി, അവളുടെ മക്കൾക്കു വേണ്ടി യേശുവിനോട് മാദ്ധ്യസ്ഥ്യം യാചിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു.നമ്മുടെ അമ്മയായ മറിയത്തിൻറെ സങ്കടങ്ങളെക്കുറിച്ച് ഇന്നു നാം ധ്യാനിക്കുക ഉചിതമാണെന്ന് പാപ്പാ ഓർമ്മിപ്പിക്കുകയും ചെയ്തു.

Comments